എന്താണ് പാപം? എന്താണ് പാപബോധം? വിശുദ്ധ വേദപുസ്തകം അതേക്കുറിച്ചു എന്ത് പറയുന്നു? ഈ അദ്ധ്യായത്തിൽ നമുക്ക് പഠിക്കാം.
വിശ്വാസത്തില്‍ നിന്ന് ഉത്ഭവിക്കാത്ത പ്രവര്‍ത്തി / നിയമ ലംഘനം / നിര്‍മല മനസാക്ഷിക്ക് വിരുദ്ധമായ പ്രവര്‍ത്തി / ചെയ്യേണ്ട നന്മ ചെയ്യാതിരിക്കല് / അധര്‍മ്മം. ഇവ ബൈബിളിൽ എഴുതപ്പെട്ടിരിക്കുന്നു ഭാഗങ്ങൾ ഇവയാണ്, [റോമ14:23], [റോമ 6:12], [എസക്കി28:15], [1യോഹ3:4],[1യോഹ5:16], [യാകോബ് 1:15],
തിരുവചനം വീണ്ടും പറയുന്നു. "സഹോദരരുടെ ദുര്‍ബല മനഃസാക്ഷിയെ മുറിപ്പെടുത്തുമ്പോള് ക്രിസ്തുവിനെതിരായി പാപം ചെയ്യുന്നു." (1 കോറിന്തോസ് 8:12).
"ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ചപ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു". (യാക്കോബ് 1:15). പാപം ഒരു വ്യക്തിയിൽ പൂർണ്ണ വളർച്ച എത്തുമ്പോൾ ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമായ ക്രിസ്തു പൂർണ്ണമായി അവനിൽ നിന്നും വിട്ടുപോയിആത്മീയ മരണം വരിക്കുന്നു! പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർക്രിസ്തു അവനില്‍ പൂർണ്ണമായി നിറയുന്നു!
"പാപബോധം" - സ്ഥലം, കാലം, സംസ്കാരം, സാഹചര്യം, അവസ്ഥകൾ, etc... തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി മാറി മറിയാറുണ്ട്! ഉദാഹരണമായി, ആദിമ മാതാപിതാക്കളായ ആദവും ഹൌവയ്ക്കും ജനിച്ച മക്കള്‍, പെരുകി വർദ്ധിക്കാൻ ഉൽപ്പത്തി 1:28 ദൈവം അരുളിചെയ്തതനുസരിച്ചു, സഹോദരങ്ങൾ ലൈംഗികമായി ബന്ധപ്പെട്ടത് പാപമായില്ല! എന്നാല്‍, പിന്നീട് കാലങ്ങൾ കടന്നപ്പോൾ അത് പാപമായിമാറി!
ഇക്കാലത്തു ഒരു രാജ്യത്തു വിവാഹം മാതാപിതാക്കൾ ഒത്തുകൂടി തീരുമാനിച്ചു നടത്തുന്നത് നന്മയെങ്കിൽ; ചില രാജ്യങ്ങളി അത് വലിയ തിന്മയും!
ബുദ്ധ സന്ന്യാസികൾക്ക് തങ്ങളുടെ രക്തം കുടിക്കുന്ന കൊതുകിനെ കൊല്ലുന്നതുപോലും പാപമാകുമ്പോൾ!
സ്വന്ത രാജ്യത്തിലെ ജനങ്ങളെ കൊന്നൊടുക്കാൻ ബോംബുമായി നുഴഞ്ഞുകയറിവരുന്ന മനുഷ്യനെ കൊല്ലുന്ന പട്ടാളക്കാരൻ നന്മ ചെയ്യുന്നതായി വരുന്നു! ദൈവവചനം ഇപ്രകാരം പറയുന്നു: "അവന് വാള് ധരിച്ചിരിക്കുന്നതു വെറുതേയല്ല. തിന്മ ചെയ്യുന്നവനെതിരായി ദൈവത്തിന്റെ ക്രോധം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവന്‍." (റോമാ 13:4).
ആൻഡമാൻ ദ്വീപുകളിലും, ആഫ്രിക്കൻ വനന്തരങ്ങളിലും വസ്ത്രം ധരിക്കുന്നതു പാപമായി വിശ്വസിക്കുന്നുന്ന ആദിവാസി മനുഷ്യർ ജീവിക്കുമ്പോൾ, സിറിയയിലും, ഇറാനിലും ശരീരം മുഴുവൻ വസ്ത്രം ഉപയോഗിച്ച് മറക്കുന്നത് നന്മയായി കരുതുന്ന മനുഷ്യർ ജീവിക്കുന്നു!
ചില രാജ്യങ്ങളിൽ വലതുവശം ചേർന്ന് വാഹനം ഓടിക്കുന്നത് നന്മയെങ്കിൽ; മറ്റുചില രാജ്യങ്ങളിൽ അങ്ങനെ ഓടിക്കുന്നത് തിന്മ!
പുരുഷന്മാർ മുഖത്തെ രോമം ഷേചെയ്തു നീക്കുന്നത് ചില സമുദായങ്ങളിൽ തിന്മയെങ്കിൽ ചില സമുദായങ്ങളിൽ അത് നന്മ!
പഴയ നിയമത്തില്‍ പ്രത്യേകിച്ചും നിയമവാർത്തനം, ലേവ്യൻ ഇവകളിൽ സ്ത്രീകളെ കുറിച്ചുള്ള നന്മകളും തിന്മകളും, പുതിയ നിയമത്തിലെ നന്മകളും തിന്മകളും രണ്ടും വ്യത്യസ്ഥങ്ങളാണ്! "......സമ്മേളനങ്ങളില്‍ സ്ത്രീകള്‍ മൗനമായിരിക്കണം. (1 കോറിന്തോസ് 14:34). ഇക്കാലത്ത് പരിശുദ്ധ ആത്മാവിന്റെ അഭിഷേകമുള്ള ഒരു സഹോദരി സഭയിൽ എഴുന്നേറ്റു പ്രവചനമോ പ്രബോധനമോ നടത്തിയാൽ താങ്കളുടെ മനഃസാക്ഷിയിൽ അത് തിന്മയാകുമോ? നന്മയാകുമോ? എത്രയോ സ്ത്രീകള്‍ പരസ്യമായി യേശുവിനെകുറിച്ച് പ്രസംഗിക്കുന്നു! അവരിലെ ആത്മാക്കളെ നേടുന്നു!
1 തിമോത്തി 5:23 - അല്‍പ്പം വീഞ്ഞു കുടിക്കുന്നത് നന്മയാകുമ്പോൾ! റോമാ 14:21 - വീഞ്ഞു കുടിക്കാതിരിക്കുന്നതു കൂടുതൽ നന്മ!
അപ്പ: പ്ര. 16:3 - പൗലോസ് തിമോത്തിയോസിനു പരിച്ഛേദനം നടത്തിയത് നന്മയായെങ്കിൽ! എന്നാൽ, ഗലാത്തിയ 2:3-5, 5:3 -5 - പൗലോസ് തന്നെ പറയുന്നു; ശരീരത്തിൽ കൈകൊണ്ടുള്ള പരിച്ഛേദനം നടത്താതിരിക്കുന്നത് നന്മ! കൊളോസ്യയർ 4:11.
ചിലർ ചിലത് ഭക്ഷിക്കുന്നത് അവന്റെ മനഃസാക്ഷിയിൽ തിന്മയല്ല! കാരണം; അവനെ ദൈവം അംഗീകരിച്ചിരിക്കുന്നു! തിരുവചനം ഇപ്രകാരം പറയുന്നു: " ഭക്ഷിക്കുന്നവൻ ഭക്ഷിക്കാത്തവനെ വിധിക്കുകയുമരുത്. എന്തെന്നാൽ ദൈവം അവനെ സ്വീകരിച്ചിരിക്കുന്നു." (റോമാ 14:3).
പഴയ നിയമ ബൈബിളും പുതിയ നിയമ ബൈബിളിലും ഭക്ഷണ കാര്യത്തിൽ പാപബോധത്തിൽ വ്യത്യാസമുണ്ട്! പ്രത്യേകിച്ചും മാംസ ആഹാരത്തിൽ! ലേവ്യപുസ്തകം 11:7, ആവർത്തനം 14:8 എന്നിവയിൽ പന്നിയിറച്ചി കഴിക്കരുതെന്ന്പഴയ നിയമം ബൈബിൾ പറയുന്നു. എന്നാല്‍ പുതിയ നിയമ ബൈബിൾ ഇപ്രകരം പറയുന്നു: "ചന്തയില്‍ വില്‍ക്കപ്പെടുന്ന ഏതുതരം മാംസവും വാങ്ങി മനശ് ചാഞ്ചല്യം കൂടാതെ ഭക്ഷിച്ചുകൊള്ളുവിന്‍". (1 കോറിന്തോസ് 10:25). എന്നാൽ; അപരന് വീഴ്ചക്കു കാരണമായി തീരുംവിധം ഭക്ഷിക്കുന്നത് തിന്മ! [റോമാ 14:20].
നിയമവാർത്തനം 25:5 - മരണപ്പെട്ട സ്വന്ത സഹോദരന്റെ ഭാര്യയെ വിവാഹം കഴിച്ചു അവനുവേണ്ടി പുത്രനെ ജനിപ്പിക്കുന്നത് പുണ്യം! ഇക്കാലത്തു അത് നന്മയോ അതോ തിന്മയോ ??
നുണ പറയുന്നത് തിന്മ എന്ന് മിക്കവരും വിധിക്കും എന്നാൽ; നിന്നെ നശിപ്പിക്കാൻ മനപ്പൂർവ്വം കാത്തിരിക്കുന്നവരോട് സത്യം പറയെരുത്! യേശു പറഞ്ഞു: "ഞാന്‍ ഈ തിരുനാളിനു പോകുന്നില്ല"(യോഹന്നാന് 7:8). "എന്നാല്‍, അവന്റെ സഹോദരന്മാര് തിരുനാളിനു പോയതിനുശേഷം അവനും പോയി; പരസ്യമായല്ല, രഹസ്യമായി"(യോഹന്നാന് 7:10) കാരണം "യഹൂദർ യേശുവിനെ കൊല്ലാൻ വഴിയിൽ കാത്തിരിക്കുകയായിരുന്നു! (യോഹന്നാന് 7:19). മാത്രമല്ല; "യേശുവിന്റെ സഹോദരന്മാര്പോലും യേശുവിൽ വിശ്വസിച്ചിരുന്നില്ല". (യോഹന്നാന് 7:5). ചില അവസരങ്ങളിൽ കള്ളം പറയുന്നത് നന്മയോ അതോ തിന്മയോ?
നിന്നെ നശിപ്പിക്കാൻ തക്കം പാർത്തിരിക്കുന്നവരെ നീ സഹായിക്കരുത്! പൈശാചിക മക്കളെ ദൈവം പറയാതെ സഹായിക്കരുത്! "അമിതനീതിയോ അമിതജ്ഞാനമോ അരുത്. നീ എന്തിന് നിന്നെത്തന്നെ നശിപ്പിക്കുന്നു?" (സഭാപ്രസംഗകൻ 7:16).
പരിശുദ്ധ ആത്മാവ് ഇപ്രകാരം പറയുന്നു: "തങ്ങള്‍ ദൈവത്തെ അറിയുന്നു എന്ന് അവര്‍ ഭാവിക്കുന്നു; എന്നാല്‍, പ്രവൃത്തികള്‍ വഴി അവിടുത്തെനിഷേധിക്കുകയും ചെയ്യുന്നു. അവര്‍ വെറുക്കപ്പെടേണ്ടവരും അനുസരണമില്ലാത്തവരും ഒരു സത്പ്രവൃത്തിക്കും കഴിവില്ലാത്തവരുമാണ്.(തീത്തോസ് 1:16). മറ്റുള്ളവരെ വെറുക്കുന്നത് നന്മയോ തിന്മയോ?
"അടിമകളോട് യജമാനന്മാര്ക്കു കീഴ്പ്പെട്ടിരിക്കാനും എല്ലാകാര്യങ്ങളിലും അവരെ പ്രീതിപ്പെടുത്താനും നിര്‍ദേശിക്കുക". (തീത്തൊസ് 2:9). ഇക്കാലത്തു അടിമത്വം നന്മയോ അതോ തിന്മയോ?
മനുഷ്യ മനഃസാക്ഷിയിൽ നന്മയും തിന്മയും ഓരോ വ്യക്തിയിലും സ്ഥലം, കാലം, സമയം, സാഹചര്യം മുതലയായവ അനുസരിച്ചു വിത്യാസപ്പെട്ടിരിക്കുന്നു! ഒരേ ശബ്ദങ്ങൾക്ക് പോലും പലരാജ്യങ്ങളിലും പല ഭാഷകളിലും പല അർത്ഥങ്ങളുടെ അടിസ്ഥാനത്തിൽ നന്മയോ തിന്മയോ ആയിട്ട് പല തരത്തിൽ പരിഗണിക്കപ്പെടുന്നു! ഓരോ രാജ്യങ്ങളിലും അവിടുള്ള മനുഷ്യർ അവരുടെ പാപബോധത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന മാനുഷിക നിയമങ്ങൾ പോലും വ്യത്യാസപ്പെട്ടിരിക്കുന്നു! അതിനാൽ തന്നെ ആർക്കും ആരെയും വിധിക്കാനാവാത്ത അവസ്ഥ വരുന്നു! അഥവാ; ഒരുവൻ മറ്റൊരുവനെ വിധിച്ചാൽ വിധിച്ചവനുതന്നെ അത് ബാധകമാകുന്ന അവസ്ഥ! എന്തുകൊണ്ടെന്നാൽ; മറ്റുള്ളവരുടെ നന്മയും തിന്മയും തിരിച്ചു അവരെ വിധിച്ചു പ്രബോധനം ചെയ്തു കൊടുക്കുന്നവർ തങ്ങൾ വിധിച്ചതിലെല്ലാം തെറ്റിപ്പോകാതെ സ്വയം നിലനിൽക്കേണ്ടിവരുന്നു! "എന്റെ സഹോദരരേ, നിങ്ങളില്‍ അധികം പേര് പ്രബോധകരാകാന്‍ തുനിയരുത്. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാം അര്‍ഹരാകുമെന്നു മനസ്സിലാക്കുവിന്‍." (യാക്കോബ് 3:1). ആയതിനാൽ യേശുവിന്റെ സ്നേഹ സുവിശേഷം അറിയിക്കാം! എന്നാൽ; മറ്റുള്ളവരെ അവരുടെ വ്യക്തിപരമായ പാപ പ്രവൃത്തികളെ എടുത്തു കാട്ടി വിധിക്കാതിരിക്കാം! കാരണം; "നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളും വിധിക്കപ്പെടും" [മത്തായി 7:1,2], [മർക്കോസ് 4:24], [ലൂക്കാ 6:37,38] &[റോമാ 2:1&14:4].
ആരെങ്കിലും മറ്റുള്ളവരുടെ വ്യക്തിപരമായ പാപകാര്യങ്ങളിൽ അവരെ കുറ്റം വിധിച്ചാൽ, കാലം കടന്നുപോകുമ്പോൾ ആ തെറ്റ് വിധിച്ചവരും അറിയാതെ അതുതന്നെ ചെയ്യാൻ സാധ്യതയുണ്ട്! കാരണം; പരിശുദ്ധ ആത്മാവ് യാക്കോബ് സഹോദരനിലൂടെ ഇപ്രകാരം അരുളിച്ചെയ്തു: "നാമെല്ലാവരും പലവിധത്തില്‍തെറ്റുചെയ്യുന്നു" (യാക്കോബ് 3:2). "ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില്‍ മാത്രം വീഴ്ച വരുത്തുകയും ചെയ്താല്‍ അവന് എല്ലാത്തിലും വീഴ്ചവരുത്തിയിരിക്കുന്നു." (യാക്കോബ്2:10). ആകെയാൽ നമുക്ക് ഇങ്ങനെ പറയാം! ദൈവം നിങ്ങളെ വിധിക്കട്ടെ!
ഇപ്രകാരം ഭൂമിയിൽ എല്ലാ മനുഷ്യർക്കും ഒരേ നിയമം എന്ന അവസ്ഥ അപ്രായോഗികമായി വരുന്നു! "നിയമം ലഭിച്ചിട്ടില്ലാത്ത വിജാതീയർ നിയമം ആവിശ്വപ്പെടുന്ന കാര്യങ്ങൾ സ്വാഭാവികമായിതന്നെ നിറവേറ്റുമ്പോൾ നിയമം ഇല്ലെന്നിരിക്കിലും അവർ തങ്ങൾക്കു തന്ന ഒരു നിയമമാവുകയാണ് ചെയ്യുന്നത്. നിയമത്തിന്റെ അനുശാസനം തങ്ങളുടെ ഹൃദയങ്ങളിൽ എഴുതപ്പെട്ടിരിക്കുന്നുവെന്നു അവർ സ്പഷ്ട്ടമാക്കുന്നു. വരുടെ മനസാക്ഷി അതിനു സാക്ഷ്യം നൽകുന്നു. അവരുടെ വൈരുദ്യമാർന്ന വിചാരങ്ങൾ അവരെ കുറ്റപ്പെടുത്തുകയോ ന്യായീകരിക്കുകയോ ചെയ്യും"[റോമാ 2:14,15]. "അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല" (അപ്പ:പ്ര 17:30). യേശു അവരോടു പറഞ്ഞു: "അന്ധരായിരുന്നെങ്കിൽ നിങ്ങൾക്ക് പാപം ഉണ്ടാകുമായിരുന്നില്ല."(യോഹന്നാന് 9:41).
"നിര്‍മലഹൃദയര്‍ക്ക് എല്ലാം നിര്‍മലമാണ്" (തീത്തോസ് 1:15). "എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍, എല്ലാം പ്രയോജനകരമല്ല; എല്ലാം എനിക്കു നിയമാനുസൃതമാണ്; എന്നാല്‍, ഒന്നും എന്നെ അടിമപ്പെടുത്താന്‍ ഞാന്‍ സമ്മതിക്കുകയില്ല".(1 കോറിന്തോസ് 6:12).
"സ്വതെ അശുദ്ധമായി ഒന്നുമില്ലെന്നു കർത്താവായ യേശുവിലുള്ള വിശ്വാസം വഴി ഞാൻ അറിയുകയും എനിക്ക് ബോധ്യപ്പെടുകയും ചെയ്തിരിക്കുന്നു. എന്നാൽ; ഒരു വസ്തു അശുദ്ധമാണ് എന്ന് കരുതുന്നവൻ അത് അശുദ്ധമായിരിക്കും". [റോമാ 14:14]. ദൈവം നിനക്ക് മാത്രമായി അനുവദിച്ചു തന്ന ചില കാര്യങ്ങൾ അത് തെറ്റ് എന്ന് വിധിക്കുന്ന സമൂഹങ്ങളിൽ അവർ കാണത്തക്കരീധിയിൽ പ്രവൃത്തിക്കാതിരിക്കുക ഉചിതം! കാരണം; "എന്റെ സ്വാതന്ത്യ്രം മറ്റൊരുവന്റെ മനഃസാക്ഷികൊണ്ട് എന്തിനു വിധിക്കപ്പെടണം?"(1 കോറിന്തോസ് 10:20). "നിങ്ങളുടെ നന്മ തിന്മയായി നിന്ദിക്കപ്പെടാതിരിക്കട്ടെ" (റോമാ 14:16). തനിക്ക് മാത്രമായി ദൈവം നിശ്ചയിച്ചു തന്നിരിക്കുന്ന നന്മയും തിന്മയും കൂടുതൽ വ്യക്തമായി തിരിച്ചറിയുക. അവ തനിക്കോ അപരനോ ദോഷമുണ്ടാക്കാതെ തങ്ങളിലെ ക്രിസ്തുവിനെ ശക്തിപ്പെടുത്തി ദൈവനാമം മഹത്വപ്പെടുന്നതിനായി പ്രവർത്തിക്കുക.
നിർമല മനഃസാക്ഷിയിൽ യേശുക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവ് ഓരോ മനുഷ്യർക്കും, പ്രേരിപ്പിച്ചോ പ്രജോദിപ്പിച്ചോ, ആഹ്വാനം ചെയ്തോ തരുന്ന നിർദേശങ്ങളെ (കല്പനകളെ) അനുസരിക്കുന്നവർ തങ്ങളിൽ വസിക്കുന്ന ക്രിസ്തുവിനെ ശക്തിപ്പെടുത്തുന്നു.
എന്നാൽ; "നിങ്ങളുടെ സ്വാതന്ത്യ്രം ബലഹീനര്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചയ്ക്കു കാരണമാകാതിരിക്കാന്‍ സൂക്ഷിക്കണം." (1 കോറിന്തോസ് 8:9). ചിലരുടെ മുൻപാകെ ഞാൻ പണ്ട് പാപിയായിരുന്നു, ഇപ്പോൾ മാനസാന്തരപ്പെട്ടു വിശുദ്ധനായി എന്ന് പറയുന്നത് പോലും സൂക്ഷിച്ചു വേണം! കാരണം; അവൻ ഒരിക്കലും ചെയ്തിട്ടില്ലാത്ത ഒരു പാപം താങ്കൾ ചെയ്തതാണ് എന്നിട്ട് ഇപ്പോൾ വിശുദ്ധനായി എന്ന് പറഞ്ഞാൽ! താങ്കൾ വിശുദ്ധനാകും മുൻപ് ചെയ്ത പാപം ചെയ്യാൻ അവർക്കും പൈശാചിക പ്രേരണ ലഭിക്കാം!
യേശുക്രിസ്തു അരുളിച്ചെയ്തു: "ഞാൻ പോയാൽ പരിശുദ്ധന്റെ ആത്മാവിനെ നിങ്ങളിലേക്ക് അയക്കും! അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും" (യോഹ 16:7,8). മനുഷ്യരുടെ ഉള്ളിൽ വന്നെത്തുന്ന ദൈവിക ശക്തിയും ജ്ഞാനവുമായ "ക്രിസ്തു" എല്ലാ പ്രവൃത്തികളിലും നന്മയും തിന്മയും തിരിച്ചറിയാൻ അറിവ് നൽകും! തങ്ങളില്‍ വസിക്കുന്ന ക്രിസ്തു നൽകുന്ന നീതിയുടെ വചനം തിരിച്ചറിയാൻ പരിശീലനം സിദ്ധിച്ചവർ നന്മതിന്മകളെ വിവേചിച്ചറിയാന്‍ കഴിവുള്ളവരാണ്! (എബ്രായർ 5:13,14). എത്രമാത്രം ഒരാളിൽ ക്രിസ്തു ശക്തമാകുന്നുവോ അത്രമാത്രം പാപബോധത്തിൽ അയാൾ സൂക്ഷ്മത പുലർത്തും.
ക്രിസ്തുവിന്റെ പരിശുദ്ധ ആത്മാവിന്റെ പ്രജോതനത്തിനു മനപ്പൂർവ്വം എതിർ നിൽക്കുന്നവർ പാപം ചെയ്യുന്നതായി വരുന്നു! അതായത്, തനിക്കുതന്നെയോ മറ്റുള്ളവർക്കോ ദോഷം വരുത്തിക്കൊണ്ട്, ഒരുവൻ തന്നിൽ തന്നെയോ മറ്റുള്ളവരിലോ പൈശാചിക ശക്തിയും ജ്ഞാനവും (എതിർക്രിസ്തുവിനെ) ജനിപ്പിച്ചോ; വിളിച്ചു വരുത്തിയോ; അതിനെ ശക്തിപ്പെടുത്തുന്നതോ ആയ എല്ലാ പ്രവർത്തികളും "തിന്മ" അഥവാ "പാപം" എന്ന് വിളിക്കാം!
തന്നിൽ തന്നെയോ മറ്റുള്ളവരിലോ ക്രിസ്തുവിനെ ദുര്ബലമാക്കുന്നതോ ഇല്ലാതാക്കുന്നതോ ആയ പ്രവർത്തികളെ പാപം അഥവാ തിന്മ എന്ന് വിളിക്കാമെങ്കില്‍; തന്നിൽ തന്നെയോ മറ്റുള്ളവരിലോ ക്രിസ്തുവിനെ ജനിപ്പിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്ന എല്ലാ പ്രവർത്തികളെയും പുണ്യം അഥവാ നന്മ എന്ന് വിളിക്കാം! ഒരാള്‍ ചെയ്യന്ന പ്രവൃത്തി അവനിലോ മറ്റുള്ളവരിലോ ദൈവശക്തിക്കും ജ്ഞാനത്തിനും ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ല എങ്കില്‍ ആ പ്രവൃത്തി നന്മയോ തിന്മയോ അല്ലാതാകുന്നു!
പരിശുദ്ധ ആത്മാവ് വി. പൗലോസിലൂടെ ഇപ്രകാരം അരുളിചെയ്തിരിക്കുന്നു: "താൻ അംഗീകരിക്കുന്ന കാര്യങ്ങളിൽ മനഃസാക്ഷി കുറ്റപ്പെടുത്താത്തവൻ ഭാഗ്യവാനാണ്" [റോമാ14:22]. എപ്പോളും നിന്നിലെ "ക്രിസ്തു" പ്രജോതിപ്പിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ അപരന് ഇടർച്ച ഹേതുവാകാതെ പ്രവർത്തിച്ചു മുന്പോട്ടുപോവുക! അതുപോലെ; നമ്മുടെ നിർമ്മല മനഃസാക്ഷിയിൽ നമുക്ക് മാത്രമായി ദൈവം തന്നിരിക്കുന്ന സ്വാതന്ത്യം മറ്റൊരുവന്റെ മുൻപിൽ പ്രവർത്തിച്ചു അവന്റെ മനഃസാക്ഷിയാൽ അത് വിധിക്കപ്പെടാൻ ഇടയാക്കുന്നതിനും, അങ്ങനെ അവനെ വേദനിപ്പിക്കുന്നതും നന്നല്ല! [1കോറിന്തോസ് 8:9-13].
യേശുക്രിസ്തു അരുളിച്ചെയ്തു: "വായിലേക്കു പ്രവേശിക്കുന്നതല്ല, വായില്‍നിന്നു വരുന്നതാണ് ഒരുവനെ അശുദ്ധനാക്കുന്നത്."(മത്തായി 15:11). (മർക്കോസ് 7:15). എന്ത് ഭക്ഷിക്കുന്നു, എന്ത് ധരിക്കുന്നു, എന്ത് കുടിക്കുന്നു എന്നതല്ല; ഇത്തരം പ്രവൃത്തികൾ വഴി ദൈവനാമം മഹത്വപ്പെടുത്തി ദൈവിക ശക്തിയും ജ്ഞാനവുമായ ക്രിസ്തുവിനെ ഒരുവനിൽ വർദ്ധിപ്പിക്കുന്നുണ്ടോ, അതോ പൈശാചിക ശക്തിയും ജ്ഞാനവുമായ എതിർ ക്രിസ്തുവിനെ ജനിപ്പിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്നുണ്ടോ എന്നാണു ശ്രദ്ധിക്കേണ്ടത്!
കാരണം; തിരുവചനം ഇങ്ങനെ പറയുന്നു: "ദൈവം സൃഷ്ടിച്ചവയെല്ലാം നല്ലതാണ് ക്യതജ്ഞതാപൂര്‍വ്വമാണ് സ്വീകരിക്കുന്നതെങ്കില്‍ ഒന്നും നാം നിരാകരിക്കേണ്ടതില്ല"(1 തിമോത്തി 4:4). ക്രിസ്തുവിനെ മനുഷ്യനിൽ ജനിപ്പിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്ന എല്ലാ പ്രവൃത്തികളും നന്മയാണ്! എതിർക്രിസ്തുവിനെ ജനിപ്പിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും തിന്മയുമാണ്!
അതിനാൽ പാപം ചെയ്തതിന് ആരെയും വിധിക്കാതിരിക്കുകയാണ് ഉചിതം! യേശുക്രിസ്തു തന്റെ ഭൂമിയിലെമനുഷ്യശരീരത്തിലെ ജീവിതകാലത്തു ആരെയും വിധിച്ചില്ല! (യോഹന്നാന് 3:17). എന്നാൽ; തങ്ങളിലുള്ള പാപബോധം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യരുണ്ട്! തങ്ങളിലുള്ള പാപബോധത്തിന്റെ അച്ചിൽ മറ്റുള്ളവരെ വാർത്തെടുക്കുവാൻ നടക്കുന്നവരാണ് അവർ! അവർക്കുള്ള മനസാക്ഷി മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു!
എല്ലാം അറിയാവുന്ന കർത്താവാണ് ഏതൊരു മനുഷ്യന്റെയും ജീനുകളും, മറ്റുതകരാറുകളും, ജീവിത സാഹചര്യങ്ങളും, etc.. കണക്കിലെടുത്ത് അവിടുന്നാണ് കൃത്യമായി വിധിക്കുന്നത്! [1കൊറി 4:5]. അതിനാൽ അവിടുന്ന് വരും വരെ കാത്തിരിക്കുക! എന്നാൽ, ക്രിസ്തുവിന്റെ ആത്മാവ് ഉള്ളിലുള്ളവരെ, നന്മയും തിന്മയും ശരിയായി വിധിച്ചുതന്നു, "ക്രിസ്തു" നന്മയിൽ, നിത്യജീവനിൽ വഴിനടത്തും!
ഇനി എപ്രകാരം പാപമോചനം ദൈവത്തില്‍ നിന്നും കരസ്ഥമാക്കാം എന്ന് പഠിക്കാം!
മനുഷ്യർ ക്രിസ്തുവിന്റെ വാക്കു കേൾക്കാൻ പരാജയപ്പെട്ടു, ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാകുന്ന "ക്രിസ്തു" പൂർണ്ണമായി വിട്ടുപോയി ആത്മീയ മരണം പ്രാപിച്ചാൽ, തിരികെ ക്രിസ്തുവിനെ നേടി ആത്മീക ജീവൻ കരസ്ഥമാക്കാൻ, "നമുക്ക് പിതാവായ ദൈവത്തിന്റെ മുൻപിൽ ഒരു മധ്യസ്ഥനുണ്ട് - നീതിമാനായ യേശുക്രിസ്തു" [1 യോഹന്നാൻ 2:1]. ഓർമിക്കുക! ആത്മീയ മരണം പ്രാപിച്ച മാതാപിതാക്കളിൽ നിന്ന് ജന്മം കൊള്ളുന്ന മക്കളും ആത്മീയമായി മരിച്ചവരായിരിക്കും! അവരും ആത്മീയ ജീവൻ നേടാൻ; ക്രിസ്തുവിനെ നേടേണ്ടിയിരിക്കുന്നു! അതേക്കുറിച്ചു കൂടുതലായി മറ്റൊരു അദ്ധ്യായത്തിൽ പഠിക്കാം!
ചെയ്തുപോയ പാപത്തിൽ നിന്നും മോചനം നേടിയില്ലെങ്കിൽ "... നിങ്ങളുടെ പാപം നിങ്ങളെ വേട്ടയാടുമെന്ന് അറിഞ്ഞുകൊള്ളുക."[സംഖ്യ 32:23]. യേശു മറുപടി പറഞ്ഞു: "സത്യമായി ഞാൻ നിങ്ങളോടു പറയുന്നു, പാപം ചെയ്യുന്നവൻ എല്ലാം പാപത്തിൻ്റെ അടിമയാണ്."(യോഹന്നാൻ 8: 34).
അതിനാൽ പാപികളായ എല്ലാ മനുഷ്യരും കർത്താവായ യേശുക്രിസ്തുവിന്റെ കൃപയാൽ പാപത്തിന്റെ പിടിയിൽ നിന്നും മോചനം പ്രാപിച്ചു നിത്യജീവനായ ക്രിസ്തുവിനെ നേടേണ്ടിയിരിക്കുന്നു.